സോറി.. ലാസ്റ്റ്ബെഞ്ച്.

image

ഒമ്പതാം ക്ലാസ്സിലെ ഏതോ ഒരു ടീച്ചറില്ലാ പിരീഡിൽ ആ സുഖകരമായ കർത്തവ്യം ഞാൻ ഏറെറടുത്തു. അന്ന് ഉച്ചക്ക് മുൻപ് തന്നെ സംഗതി എഴുതി സബ്മിറ്റ് ചെയ്യാമെന്നും അവർക്ക് വാക്കു കൊടുത്തു.
അവർ എന്നു പറഞ്ഞാൽ ആൻറണി, ആൽബൻ, അനീഷ്, ഉണ്ണി പിന്നെ എൻറ സ്വന്തം കസിൻ ഷെമീർ.
അവർ ഒരേ ബെഞ്ചിലാണ്… ലാസ്റ്റ് ബെഞ്ചിൽ.
ഞാൻ അതിന് തൊട്ടുമുന്നിലെ ബെഞ്ചിലും.

സബ്മിറ്റു ചെയ്യാമെന്നേററത് ഒരു കഥയാണ്.
എന്ത് കഥയെന്നു ചോദിച്ചാൽ… ഈ പ്രായത്തിൽ ആൺകുട്ടികൾ വായിക്കാൻ ഇഷ്ടപ്പെടുന്ന കഥ.

എഴുതാനുളള കടലാസ് പേന ഒക്കെ ഷെമീറിൻറ വക. അവനാണ് ഉത്സാഹം കൂടുതൽ.
കഥ എന്തായാലും “സംഗതി” ജോർ ആയിരിക്കണം.
അത്രയേ ഉളളൂ അവൻമാരുടെ ഡിമാൻറ്.

ഇപ്പോൾ മാത് സ് പിരീഡാണ്. റോബോട്ട് എന്ന് വിളിപ്പേരുളള മാഷ് ക്ലാസിലുണ്ട്.
അദ്ദേഹത്തിന് രണ്ട് നല്ല സ്വഭാവങ്ങൾ ഉണ്ട്.
ആന കുത്താൻ വന്നാലും ബോർഡിൻറ അടുത്തു നിന്നും മാറില്ല പിന്നെ പഠിപ്പിക്കുന്നത് കുട്ടികൾ ശ്രദ്ധിക്കണമെന്ന നിർബന്ധവുമില്ല.

ഞാൻ പേനയും പേപ്പറുമെടുത്ത് മനസിൽ വാൽസ്യായ മുനിയെ ധ്യാനിച്ച് എഴുതാൻ തുടങ്ങി.
എവിടെ നിന്നോ നല്ല ഒരു തീം കിട്ടി.
ജനശതാബ്ദിയെ വെല്ലുന്ന വേഗതയിൽ എൻറ എഴുത്തും, പാസഞ്ചർ വേഗതയിൽ സാറിൻറ കണക്കു ക്ലാസ്സും പുരോഗമിച്ചു.

എൻറ നെററിയിൽ നിന്നും വിയർപ്പുമണികൾ ഉതിർന്നുകൊണ്ടിരുന്നു.
“തീർന്നില്ലേ?”.. “മതിയെടാ”.. കസിൻറ ദീനരോദനം.
ഇതിനിടെ, പുറകിലെ ബെഞ്ചിൽ നടക്കുന്ന സംഭവം ക്ലാസിൽ ഫ്ലാഷായോ എന്ന് ഒരു സംശയം.

മുൻബെഞ്ചിലിരിക്കുന്ന പെൺകുട്ടികൾക്കിടയിൽ ഒരു കുശുകുശുപ്പും തിരിഞ്ഞുനോട്ടവുമൊക്കെ.

“അളിയാ.. കുഴപ്പമാവുമോ”

“നീ ധൈര്യമായി എഴുതിത്തീർക്ക്. ബാക്കിയെല്ലാം ഞങ്ങളേററു.”

ആ ധൈര്യത്തിൽ വീണ്ടും ശതാബ്ദി എക്സ്പ്രസ്സ് പാഞ്ഞു.
ഇൻറർവെല്ലിനു പോലും പുറത്തിറങ്ങാതെ, ഞാൻ കഥ പൂർത്തിയാക്കി. ശുഭം.

ഞങ്ങളെ എല്ലാരെയും ഞെട്ടിച്ചുകൊണ്ട് ഒററക്കുതിപ്പിന് ആൽബൻ ആറു പേജ് ഉളള കഥ കൈക്കലാക്കി വായനതുടങ്ങി.
അക്ഷമയോടെ കാത്തിരുന്ന ഷെമീർ ആൽബൻറ പിന്നാലെ പോയി. വായനക്കാർക്ക് സൗകര്യമൊരുക്കാൻ തൊട്ടുമുന്നിലെ എൻറ സ്വന്തം ബഞ്ചിലേക്ക് ഞാൻ ചേക്കേറി.
വായിച്ചുതീർന്നയുടൻ ആൽബൻറ കമൻറ്
“ചക്കരേ സൂപ്പർ…. സൂപ്പർ കഥ”
എൻറ ഉളളു നിറഞ്ഞു.
എല്ലാം വാത്സ്യായമുനിയുടെ അനുഗ്രഹം.
ആ പേപ്പറുകൾ പാവം ഷെമീറിനു മുന്നിലൂടെ അനീഷിൻറയും, ആൻറണിയുടെയും കൈകളിലെത്തി. അവരും പറഞ്ഞു “ഉഗ്രൻ സ്റേറാറി.”

ഒടുവിൽ, ഉണ്ണിയും ഷെമീറും കൂടി അതു വായിക്കാൻ തുടങ്ങിയതും അപ്രതീക്ഷിതമായി ക്ലാസ്ടീച്ചർ വന്നുകയറിയതും ഒരുമിച്ചായിരുന്നു.
നിസ്സാരഭാവത്തിൽ ആ പേപ്പറുകൾ മാററിവച്ചിരുന്നെങ്കിൽ…. ടീച്ചർ ശ്രദ്ധിക്കില്ലായിരുന്നു.

പക്ഷെ.. മനസ്സിലും കയ്യിലും കുരുത്തക്കേടാവുമ്പോൾ പേടിയും കൂടും. ടീച്ചറമ്മയെ കണ്ടതും ഉണ്ണി പേപ്പർ ഷെമീറിൻറ മടിയിലേക്ക് ഇട്ടു. ഷെമീർ അത് ആൻറണിയുടെ മടിയിലേക്ക് മാററി. അപ്പോഴേയ്ക്കും ആ ബഹളം കണ്ട് ടീച്ചർ പറഞ്ഞു

“ലാസ്റ്റ് ബെന്ച് ഓൾ സ്റ്റാൻഡപ്പ്….”

അപ്പോഴേക്കും ആ കഥ ആൽബൻറ കയ്യിൽ എത്തിയിരുന്നു.

ഇനി കൈമാറാൻ ആരുമില്ല. ടീച്ചർ അടുത്തെത്തിയതും പേപ്പർ ചുരുട്ടിക്കൂട്ടി ജനാല വഴി ഒറ്റയേറ്.
ഉദ്വേഗത്തോടെ ഞാൻ നോക്കുമ്പോൾ ജനാലയ്ക്കപ്പുറം കഞ്ഞിപ്പുരയിൽ കഞ്ഞിവയ്ക്കുന്ന ചേച്ചിയുടെ തിരുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചുകിടക്കുന്നു എൻറ കന്നിക്കഥ.

ടീച്ചർ വിജയഭാവത്തിൽ ആ പാവം കഞ്ഞിച്ചേച്ചിയെക്കൊണ്ട് പേപ്പർ എടുപ്പിച്ചു.
ഞങ്ങളുടെ നെഞ്ചിൽ അമിട്ടുകൾ പൊട്ടാൻ തുടങ്ങി.

വായിക്കല്ലേ ടീച്ചർ…. പ്ലീസ്…

കൂട്ടക്കരച്ചിൽ വകവയ്ക്കാതെ ടീച്ചർ വായിച്ചു.

രണ്ട്.. മൂന്നു വരികൾ വായിച്ചപ്പോൾ തന്നെ ടീച്ചറിൻറ മുഖത്തെ വിജയീഭാവം പോയി..

പകരം ചാണകം ചവിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു എക്സ്പ്രഷൻ.
പിന്നെ അത് ദേഷ്യമായി.

“എല്ലാത്തിനെയും ശരിയാക്കിത്തരാം.. ഞാൻ ഇത് പ്രിൻസിപ്പലിനെ കാണിക്കും”

അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു.
എന്നിട്ട് പേപ്പറും കൊണ്ട് സ്റ്റാഫ്റൂമിലേക്ക് പോയി.

കുറച്ചുകഴിഞ്ഞ് ടീച്ചർ തിരികെ വന്നു.
പഴയ ദേഷ്യം മുഖത്തില്ല, പകരംഇടയ്ക്കിടെ ഊറി വരുന്ന ഒരു ചിരി (ടീച്ചർ ആ വികൃതി വായിച്ചു എന്നർത്ഥം).
പല വിധത്തിലും ടീച്ചർ അവരോടു ചോദിച്ചു ആരാണ് ഈ കഥാകൃത്തെന്ന്..
പി.ടി.എ മീറ്റിംഗ് വിളിച്ചുകൂട്ടി പേരൻറ്സിനെ അറിയിക്കും , ടി.സി തന്ന് പറഞ്ഞു വിടും.. അങ്ങനെ പല ഭീഷണികൾ. പക്ഷെ ചങ്ങാതിമാർ ചതിച്ചില്ല.

മാസങ്ങൾ കഴിഞ്ഞു എക്സാം വന്നു, വെക്കേഷൻ കഴിഞ്ഞു…ഒടുവിൽ റിസൽറ്റ് വന്നപ്പോൾ ഞാൻ ജയിച്ചു.
അവരെ അഞ്ചു പേരയും തോൽപ്പിച്ചു.
മാനേജ്മെൻറ് തോൽപ്പിച്ചു, ഞാനും മാനേജ്മെൻറും ചേർന്ന് തോൽപ്പിച്ചു എന്നു പറയുന്നതാവും ശരി..

Advertisements